Close

എന്താണ് പള്ളി സ്വത്ത് സമരം?

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • എന്താണ് പള്ളി സ്വത്ത് സമരം?

എന്താണ് പള്ളി സ്വത്ത് സമരം?

(Fr. ബാർ യൂഹാനോൻ റമ്പാൻ, MACCABI )

കേരളത്തിൽ ഉള്ള ക്രിസ്തീയ സഭകളിലെ ഇടവകകളുടെ സ്വത്തുക്കൾ പൂർവ്വകാലം മുതലേ ഇടവക പൊതുയോഗത്തിന്റെ തീരുമാന പ്രകാരം ഉള്ള സമിതികളാണ് ഭരിച്ചിരുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറുകയും ഇന്ത്യൻ ഭരണഘടനയിൽ മതങ്ങളുടെ സ്വത്തുക്കൾ ഭരിക്കുവാൻ സിവിൽ നിയമം ഉണ്ടാക്കണം എന്നുള്ള നിർദേശം ഭരണഘടനാ ശിൽപികൾ കൊണ്ടുവരുകയും ചെയ്തപ്പോൾ വിവിധ മതങ്ങൾക്കു സർക്കാർ സ്വത്ത് നിയമം നിർമ്മിച്ച് കൊടുത്തു.

എന്നാൽ കേരളത്തിൽ ഉള്ള ക്രൈസ്തവ സഭകൾക്ക് മാത്രം സ്വത്ത് നിയമം ഉണ്ടാക്കുന്നതിനു സർക്കാർ തയ്യാറായില്ല.
കേരളത്തിൽ ഉള്ള സഭകളുടെ മെത്രാൻമാർ സ്വത്ത് നിയമത്തിന്റെ അഭാവത്തിൽ വിവിധ സഭാ നിയമങ്ങൾ നിർമ്മിച്ചു കൊണ്ട് പള്ളി സ്വത്തുക്കൾ യഥേഷ്ടം അനുഭവിച്ചു പോന്നു.
ഇടവക പൊതുയോഗത്തിന്റെ തീരുമാനങ്ങൾക്ക് സാവധാനം പ്രസക്തി കുറഞ്ഞു വന്നു. ഇടവക വികാരിമാർ വഴി മെത്രാൻമാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് പള്ളികളെ ചൂഷണം ചെയ്തു തുടങ്ങി.

അതുപോലെ തന്നേ സഭയുടെ സ്ഥാപനങ്ങളുടെ സേവനങ്ങൾ സഭയുടെ വിശ്വാസികൾക്കു പോലും പണം മുടക്കിയാൽ മാത്രം ലഭ്യമാകുന്ന അവസ്ഥകൾ സംജാതമായി. മുൻപെങ്ങും കാണാത്ത വിധത്തിൽ സഭയിലും ഇടവകകളിലും പ്രശ്നങ്ങൾ നേരിട്ടു തുടങ്ങി.
ഇടവക ജനങ്ങളുടെ അനുവാദം കൂടാതെ ഇടവകയുടെ അഡ്മിനിസ്ട്രെഷൻ നടത്തുവാൻ സാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നു.

ഈ അവസ്ഥയിൽ ഇടവക പള്ളികളുടെ ഉടമസ്ഥ അവകാശം ഇടവക പൊതുയോഗത്തിന് തിരിച്ചു കിട്ടുന്നതിന് വേണ്ടിയും, സഭാ സ്വത്തുക്കളിലും സ്ഥാപനങ്ങളിലും ഇടവക വിശ്വാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ഇടവക ജനങ്ങളുടെ മൗലികവും മാനുഷികവുമായ അവകാശങ്ങൾ സംരക്ഷിക്കപെടുന്നതിനുമായി സുപ്രീം കോടതി rtd. ജസ്റ്റിസ് V.R കൃഷ്ണയ്യർ ചെയർമാൻ ആയ കേരള നിയമ പരിഷ്കരണ കമ്മീഷൻ ഒരു കരട് നിയമം നിർമ്മിച്ച് സർക്കാരിന് നൽകി. ഇതാണ് ചർച്ച് ആക്ട് എന്നറിയപ്പെടുന്ന The Kerala Christian Church Properties & Institution Trust Bill 2009 എന്നത്.

ഈ ബില്ല് ഇന്ത്യയുടെ ഭരണഘടന മതങ്ങൾക്ക് നൽകുന്ന അവകാശം ആയ ആർട്ടിക്കിൾ 26(d) പ്രകാരം ഉള്ള സ്വത്ത്‌ നിയമത്തിന്റെ ഭാഗം ആണ്. ഇത് കേരളത്തിൽ ഉള്ള ഓരോ ക്രൈസ്തവ വിശ്വാസിയുടെയും അവകാശം ആണ്. ഈ നിയമം വരുമ്പോൾ ഇടവക പള്ളികളുടെ ഭരണത്തിൽ ഇടവക പൊതുയോഗത്തിന്റെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന ഒരു മാനേജിങ് കമ്മിറ്റി വികാരിയുടെ അധ്യക്ഷതയിൽ രൂപീകരിക്കപ്പെടുകയും, ഇടവകയുമായി ബന്ധപ്പെട്ട എല്ലാം ഇടവക ജനങ്ങളുടെ അറിവോടെ മാത്രം നടക്കുകയും ചെയ്യും. ഇടവക പള്ളിയും സ്വത്തുക്കളും ഇടവകക്കാരുടെ മാത്രം ആകും.

ഇതുപോലെ സഭയുടെ സമിതികളിലും ഇടവക പൊതുയോഗം തിരഞ്ഞെടുത്ത പ്രതിനിധികൾ ഉൾപ്പെടുത്തപ്പെടും. സഭയുടെ സ്ഥാപനങ്ങളിലും സ്വത്തുക്കളിലും വിശ്വാസികൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടും. കന്യാസ്ത്രീകൾ ഉൾപ്പെടെ ഉള്ള ആത്മീയസേവകരുടെ സുരക്ഷിതത്വവും നിയമ വിധേയമാക്കപ്പെടും. സഭയുടെ പേരിലുള്ള ചില വ്യക്തികളുടെ അനധികൃത സ്വത്തു സമ്പാദനം തടയപ്പെടും. സഭയിലേ വിശ്വാസികളുടെ സമിതിയുടെ അറിവ് കൂടാതെ സഭാ സ്വത്തുക്കളുടെ ക്രയവിക്രയം നടക്കില്ല.

ഈ നിയമം വരുന്നതോടെ ഇന്ന് ക്രിസ്തീയ സഭകളിൽ കാണുന്ന ധാരാളം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. എന്നാൽ ഈ നിയമം വരാതിരിയ്ക്കുവാൻ വിവിധ സഭകളിലെ മെത്രാൻമാർ യോജിപ്പിലാണ്. അവർ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ചർച്ച് ആക്ട് അഥവാ പള്ളി സ്വത്ത് നിയമത്തിന്റെ നിർമ്മാണം മരവിപ്പിച്ചിരിക്കുന്നു.

അതുകൊണ്ട് കേരളത്തിൽ ഉള്ള ക്രൈസ്തവവിശ്വാസികൾ ഒറ്റക്കെട്ടായി ഈ നിയമം പ്രാബല്യത്തിൽ വരുവാൻ ആയി ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. ഇതാണ് പള്ളി സ്വത്ത് സമരം.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *