Close

പള്ളിസ്വത്തു സമര വിജ്ഞാപനം

  • Home
  •  / 
  • Articles
  •  / 
  • MACCABI
  •  / 
  • പള്ളിസ്വത്തു സമര വിജ്ഞാപനം

പള്ളിസ്വത്തു സമര വിജ്ഞാപനം

വന്ദ്യ പിതാക്കന്മാരേ,
ബഹുമാനപ്പെട്ട പുരോഹിത ശ്രേഷ്ഠരേ, സന്യസ്തരേ, പ്രിയപ്പെട്ട ഇടവക- ഭദ്രാസന-സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളേ പരിശുദ്ധ സഭയിലെ മറ്റു സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും ആയവരേ, സർവ്വോപരി പ്രിയപ്പെട്ട വിശ്വാസികളുടെ സമൂഹമേ,

കേരളത്തിലെ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ സമൂഹം ഒരു നവോത്ഥാനത്തിനു വേണ്ടി സഭാനേതൃത്വത്തോടും ഭരണകൂടത്തോടും നിലവിളിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. കേരള സഭകളിൽ മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിൽ ഉള്ള കുപ്രസിദ്ധമായ പാപവീഴ്ചയിൽ കൂടിയാണ് ഇന്ന് ക്രൈസ്തവസമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊലപാതകം, വ്യഭിചാരം, സ്ത്രീപീഡനം, ഭൂമി കുംഭകോണം, ശീമോന്യപാപം, കന്യാസ്ത്രീ പീഡനം, സ്വവർഗ്ഗ ലൈംഗീക പീഡനം, ശവസംസ്കാര നിരോധനം, ദേവാലയ കൈയ്യേറ്റം, രോഗ ശാന്തി തട്ടിപ്പ് തുടങ്ങി ക്രിസ്തീയ സാക്ഷ്യം നഷ്ട്ടപ്പെടുത്തിയിരിക്കുന്ന ഒരു ജീർണ്ണതയുടെ കാലത്തിലൂടെ ആണ് ക്രൈസ്തവ സമൂഹം ഇന്നു ജീവിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഒരു സഭയിൽ മാത്രം കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ ഇരുപതിലധികം കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു സഭയിൽ വിശുദ്ധ കുമ്പസാരത്തിന്റെ മറവിൽ ഏഴോളം വൈദികർ ഒരു വീട്ടമ്മയെ പീഡിപ്പിച്ചു. മറ്റൊരു വീട്ടമ്മ പുരോഹിതനാൽ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. അനേകം വിശ്വാസികളുടെ മൃതദേഹങ്ങൾ ചില സഭാ നേതൃത്വത്തിന്റെ വിലപേശൽ മുഖാന്തിരം കബറടക്കം നിഷേധിയ്ക്കപെട്ട് തെരുവിൽ കിടന്നു. ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി ഒരു സഭാപിതാവ് സഭാസ്വത്തുക്കളിൽ വിശ്വാസികൾക്ക് ഉടമസ്ഥാവകാശം ഇല്ല എന്നു കോടതിയിൽ രേഖപ്പെടുത്തി, ഭക്ഷണവും മരുന്നും കിട്ടാതെ ചില പുരോഹിതർ ആത്മഹത്യ ചെയ്തു. ഇങ്ങനെ എണ്ണിയാൽ തീരാത്ത കളങ്കങ്ങളിലൂടെ കേരള ക്രൈസ്തവ സഭാ ചരിത്രം ‘ഇരുണ്ടകാലഘട്ട’ ത്തിലൂടെ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതിനാൽ നവോത്ഥാനം ക്രൈസ്തവസഭകൾക്കും ആവിശ്യമായി വന്നിരിക്കുന്നു.

1 പത്രൊസ് 2:12 ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “സര്‍വ്വ മനുഷ്യരുടെയും മുമ്പില്‍ നിങ്ങളുടെ നടപടികള്‍ നന്നായിരിക്കണം. അങ്ങനെ, നിങ്ങള്‍ക്കെതിരായി ദുഷിച്ച വാക്കുകള്‍ പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട്, പരിശോധനാ ദിവസത്തില്‍ ദൈവത്തെ സ്തുതിപ്പാന്‍ ഇടയാകട്ടെ.” എന്നാൽ ഇന്നോ അക്രൈസ്തവരുടെ ഇടയിൽ നാം മൂലം നമ്മുടെ കർത്താവായ യേശുവിന്റെ പരിശുദ്ധ നാമം ദുഷിക്കപ്പെടുന്നു. പൂർവിക ക്രൈസ്തവ സമൂഹം നേടിത്തന്ന സൽപ്പേരും ക്രിസ്തീയ മഹത്വവും നമുക്ക് നഷ്ടമായിരിക്കുന്നു. ഇന്ന് നാം ക്രിസ്ത്യാനികൾ വളരെ ഞെരുക്കത്തിൽ ആയിരിക്കുന്നു, “എന്നാല്‍ സ്വന്ത കുറ്റങ്ങള്‍ നിമിത്തം ഞെരുക്കങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക് എന്തു മഹിമയാണുള്ളത്?” എന്ന് പത്രോസ് അപോസ്തോലൻ നമ്മോട് ചോദിക്കുന്നു. “നായ, തന്‍റെ ഛര്‍ദ്ദിയിലേക്കും, കുളിച്ച പന്നി ചെളിയില്‍ ഉരുളുന്നതിലേക്കും തിരിയുന്നു എന്നുള്ള സത്യമായ പഴഞ്ചൊല്ലു പോലെ അവര്‍ക്ക് സംഭവിച്ചു.” (2 പത്രൊസ് 2:22) എന്ന് പത്രോസ് അപോസ്തോലൻ പറഞ്ഞത് കേരളത്തിലെ സഭകളിൽ നിവർത്തിയായിരിക്കുന്നു.എന്തുകൊണ്ടാണ് സഭ ഇപ്രകാരം അധഃപതിച്ചതും ദൈവത്തിൽ നിന്നും അകന്നു പോയതും എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് അധഃപതനത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഒരു സമൂഹമായി നാം മാറണം. ആയതിനുള്ള പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു വിജ്ഞാപനമാണ് ഇത്.

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 6:24 ൽ ഇപ്രകാരം നമ്മുടെ കർത്താവു അരുളിചെയ്യുന്നു, “രണ്ട് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും സാദ്ധ്യമല്ല. എന്തെന്നാല്‍ ഒരുവനെ വെറുക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും മറ്റവനെ ദുഷിക്കുകയും ചെയ്യും. ദൈവത്തെയും ദ്രവ്യത്തെയും സ്നേഹിപ്പാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല.” സകല തിന്മകളിലേക്കും ഒരുവനെ നയിക്കുവാൻ ദ്രവ്യാഗ്രഹത്തിനു സാധിക്കുന്നു. ദ്രവ്യാഗ്രഹം മൂലം സ്ഥാനമോഹം, അധികാര ദുർവിനിയോഗം, ദുഷ്ട സംസർഗ്ഗം, കൊലപാതകം, പീഡനം തുടങ്ങി അനേകം പാപങ്ങൾക്ക് ഒരുവൻ അടിമയായി തീരുവാൻ ഇടയാകും. ഇത് മൂലം ആണ് ക്രൈസ്തവ സഭയിൽ ദ്രവ്യമുപേക്ഷിച്ചു ദൈവത്തെ പിന്തുടരുന്ന സന്യാസ സമൂഹങ്ങൾ ഉണ്ടായി വന്നത്.

അപോസ്തോല പ്രവർത്തികളിൽ (6:2) വിശുദ്ധ ശ്ളീഹാൻമാർ പഠിപ്പിച്ചതും ഇത് തന്നെയാകുന്നു, “അപ്പോള്‍ ശ്ലീഹന്മാര്‍ പന്ത്രണ്ട് പേരുംകൂടി ശിഷ്യസമൂഹത്തെ മുഴുവനും വിളിച്ചുകൂട്ടി അവരോട്: ഞങ്ങള്‍ ദൈവവചനം വിട്ടിട്ട് മേശകളില്‍ പരിചരിക്കുന്നത് നല്ലതല്ല.” എന്ന് പറഞ്ഞു. ശ്ളീഹന്മാർ തുടർന്നും പറഞ്ഞു, “ആകയാല്‍ എന്‍റെ സഹോദരരേ, അവരെക്കുറിച്ച് സാക്ഷ്യമുള്ളവരും, ദൈവത്തിന്‍റെ ആത്മാവും വിജ്ഞാനവും നിറഞ്ഞവരുമായ ഏഴ് പേരേ നിങ്ങളില്‍ നിന്നു തന്നെ പരിശോധിച്ച് തിരഞ്ഞെടുക്കുവിന്‍. ഞങ്ങള്‍ അവരെ ഇക്കാര്യത്തിന്നായി നിയോഗിക്കാം. ഞങ്ങളോ എപ്പോഴും പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും വ്യാപൃതരുമായിരിക്കാം എന്ന് പറഞ്ഞു.” (അ. പ്ര. 6:3-4). ജനങ്ങൾ തിരഞ്ഞെടുക്കുന്നവരെ സഭയുടെ ഭൗതിക കാര്യങ്ങളുടെ ഭരണത്തിൽ സഹായിക്കുവാൻ നിയമിച്ചുകൊണ്ട് അപോസ്തോലന്മാർ കൂടുതൽ സമയം പ്രാർത്ഥനയ്ക്കും, വചനശുശ്രൂക്ഷയ്ക്കുമായി തങ്ങളെ സമർപ്പിച്ചതുകൊണ്ടാണ് ഇന്ന് ലോകം മുഴുവൻ ക്രിസ്തീയ വിശ്വാസം പടർന്നിരിക്കുന്നതു.

ഒരു കാലത്ത് ദൈവജനം തിരഞ്ഞെടുത്ത അർക്കദിയാക്കോന്റെ നേതൃത്വത്തിൽ ആണ് മലങ്കര സഭയുടെ ഭൗതിക സ്വത്തു ഭരിക്കപ്പെട്ടിരുന്നതു എന്നത് ഒരിയ്ക്കലും മായ്ക്കാൻ കഴിയാത്ത ചരിത്രസത്യം ആയി നിലനിൽക്കുന്നു. പള്ളികളുടെ സ്വത്തുക്കളുടെ ഉടമസ്ഥർ ആണ് ഇടവകയിലെ വിശ്വാസികൾ ആയിരുന്നു. അവരുടെ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന സമിതിയിലൂടെ ആയിരുന്നു ക്രിസ്ത്യൻ പള്ളികളുടെ സ്വത്തു ഭരണം നടന്നിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ വിശ്വാസികൾ പോലുമറിയാതെ അവരുടെ സമൂഹസ്വത്തുക്കൾ മേലുള്ള അവകാശവും ഭരണനിയന്ത്രണവും അവർക്കു നഷ്ടപ്പെട്ടു. തുടർന്നു ആ സ്വത്തുക്കൾക്കു വേണ്ടിയുള്ള പുരോഹിത മേലദ്ധ്യക്ഷന്മാരുടെ തർക്കങ്ങളും, സഭാരാഷ്ട്രീയവും സഭയിലെ വിശ്വാസികളെ പോലും വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആക്കുവാനും സഭകൾ പിളരുന്നതിനും കാരണമായി ഭവിച്ചു. ഇത് കൂടാതെ കുമിഞ്ഞു കൂടിക്കൊണ്ടിരുന്ന സ്വത്തുക്കളുടെ ദുർവിനിയോഗം മൂലം അധികാരികൾ ദൈവത്തിൽ നിന്നും അകന്നു പോകുകയും തുടക്കത്തിൽ സൂചിപ്പിച്ചതുപോലുള്ള പാപങ്ങൾ സഭയിൽ പെരുകുന്നതിനും കാരണമായി.

ഇനി ഇതിന് എന്താണ് ഒരു പോംവഴി? പൂർവികരുടെ ആ നല്ല നാളുകളിലേക്കുള്ള ഒരു മടക്കം എങ്ങനെ സാധിക്കും? എപ്രകാരം ഒരു ക്രിസ്തീയ നവോത്ഥാനം കേരളത്തിൽ സാധ്യമാകും?

ഇന്ത്യയുടെ ഭരണഘടന, ഇന്ത്യയിൽ ഉള്ള എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ നല്ല വളർച്ചയ്ക്കും കാലാനുസൃത നവോത്ഥാനത്തിനുമായി ആവിശ്യമായ നിയമങ്ങൾ നിർമ്മിക്കുവാനുള്ള ശുപാർശ നൽകിയിട്ടുണ്ട്. ഇതിൽ ഒന്നാണ് മതങ്ങളുടെ സ്വത്തുക്കൾ സംബന്ധിച്ച നിയമനിർമ്മാണത്തെ കുറച്ചുള്ള ഭരണഘടന ആർട്ടിക്കിൾ 26(d). ഈ ആർട്ടിക്കിൾ പ്രകാരം ആണ് ഹൈന്ദവർക്കു ‘ഹിന്ദു റിലീജിയസ് & ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട്’ മുസ്ലീങ്ങൾക്കുള്ള ‘വക്കഫ് ആക്ട്’ സിഖ് മത വിഭാഗത്തിനുള്ള ‘ ഗുരുദ്വാര ആക്ട്’ എന്നിങ്ങനെയുള്ള നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതേ പോലെ ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ പ്രത്യേകിച്ചും ഇടവക പള്ളികളും സ്വത്തുക്കളും ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്ന മാനേജിങ് കമ്മിറ്റിയിൽ നിക്ഷിപ്തമാക്കുന്ന ഒരു നിയമ നിർമ്മാണത്തിനുള്ള കരട് ആണ് 2009 ൽ വി. ആർ കൃഷ്ണയ്യർ അദ്ധ്യക്ഷൻ ആയുള്ള നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന്റെ പരിഗണനയ്ക്കു സമർപ്പിച്ചത്.

ഈ ബില്ല് നിയമം ആകുന്നത് വഴി ക്രിസ്ത്യൻ സഭകളിൽ ഇപ്പോഴുള്ള വലിയ ജീർണതയ്ക്ക് ഒരു വിപ്ലവകരമായ മാറ്റം ഉണ്ടാവുകയും, സഭാഭരണത്തിൽ അക്കൗണ്ടബിലിറ്റിയും സുതാര്യതയും, ജനാധിപത്യ ക്രമത്തിലുള്ള തിരഞ്ഞെടുപ്പും ഉണ്ടാകും.
ആത്‌മീയ ശുശ്രൂഷകരുടെയും അല്മയരുടെയും സ്വാഭാവിക നീതിക്കൊപ്പം മൗലികവും മാനുഷികവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. സർക്കാരോ സർക്കാരിന്റെ പ്രതിനിധികളോ സഭാ ഭരണത്തിൽ ഇടപെടുകയില്ല എന്ന വലിയ നേട്ടവും ഈ ബില്ലിൽ ഉണ്ട്.

ആയതിനാൽ ജീര്ണതകൾക്കെതിരെ പൊരുതുവാൻ ആഗ്രഹിക്കുന്ന എല്ലാ സഭാ വിശ്വാസികളോടും ഞങ്ങൾ അറിയിക്കുന്നത്, വിവിധ ക്രൈസ്തവസഭകളിലേ ചർച്ച് ആക്ട് അനുകൂല സംഘടനകളുമായി ചേർന്ന് MACCABI നടത്തുവാൻ പോകുന്ന *പള്ളി സ്വത്ത് സമരം* വിജയിപ്പിക്കുവാൻ ആയി നിങ്ങളുടെ കുടുംബത്തിലുള്ള 18 വയസ്സ് പൂർത്തിയായ എല്ലാ സ്ത്രീ പുരുഷൻമാരും MACCABI യുടെ അംഗത്വമെടുത്തു ( വാർഷിക അംഗത്വ ഫീസ് ₹100/-) കൊണ്ടു ഞങ്ങളോടൊപ്പം ചേർന്നു പള്ളി സ്വത്തു സമരത്തിൽ പങ്കാളിത്തം വഹിക്കുക. കേരള ക്രൈസ്തവ സഭകളുടെ നല്ല ഭാവിയ്ക്കും നവോത്ഥാനത്തിനുമായി “ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ” നേതൃത്വത്തിൽ ഈ വർഷം തന്നേ ഒരു ലക്ഷം ക്രൈസ്തവ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെക്രട്ടേറിയറ്റു മാർക്ച്ചും ധർണ്ണയും നടത്തുമ്പോൾ ആയതിൽ നിങ്ങൾ പങ്കെടുക്കുകയും ചെയ്യുക.

“നമ്മുടെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ”

വിനയപൂർവ്വം,

പ്രസിഡന്റ്‌
എലിയാസ് ഈശോ

ജനറൽ സെക്രട്ടറി
അഡ്വ. ബോബൻ വർഗീസ്

സീനിയർ വൈസ് പ്രസിഡന്റ്‌
C.A, Dr. ബിനോയ്‌ ജോയ്

ട്രഷറർ
ജോൺ M. ജോർജ്

ഡയറക്ടർ
ബാർ യൂഹാനോൻ റമ്പാൻ

—————————————————-
*Malankara Action Council for Church Act Association – MACCABI*
(Register No. EKM/TC/436/2019)
Registerd Office’s Address:
Mt.Thabore Marthoman Kurisupalli Building, Piramadam (P.O), Pampakuda – 686 667 Eranakulam, Kerala, India.
Web Site: https://www.maccabimovement.com
e-mail id : director@maccabimovement.com
Postal Address:
Director, MACCABI,
C/O Piramadam Dayara, Piramadam (P.O), Pampakuda – 686 667 Eranakulam, Kerala, India

Phone : 9645939736

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *