Close

കർത്താവേ ! നിന്നേപോലെ മറ്റാരുണ്ട്

  • Home
  •  / 
  • Articles
  •  / 
  • Legal
  •  / 
  • കർത്താവേ ! നിന്നേപോലെ മറ്റാരുണ്ട്

കർത്താവേ ! നിന്നേപോലെ മറ്റാരുണ്ട്

ബാർ യൂഹാനോൻ റമ്പാൻ

സെമിത്തേരിയിൽ കബറടക്കം ചെയ്യപ്പെട്ട യാക്കോബായ സഭാ വിശ്വാസിയുടെ ബോഡി കല്ലറയിൽ നിന്നും എടുത്ത് നീക്കം ചെയ്യണം എന്ന് ആവിശ്യപ്പെട്ടു മെത്രാൻകക്ഷികൾ കോടതിയിൽ കേസ് കൊടുത്തു.

പലരും സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിച്ചു, പക്ഷെ സാധാരണ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു MACCABI യുടെ പേജിൽ അഭിപ്രായങ്ങൾ എഴുതാറുള്ള ഞാൻ ഇതുവരെ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്നു പലരും ഫോണിൽ കൂടിയും, വാട്സ്ആപ്പിൽ കൂടിയും എന്നോട് ചോദിച്ചു.

മനഃപൂർവം പ്രതികരിയ്ക്കുവാൻ മടിച്ചത് ആണ്. ദിനം തോറും മരിയ്ക്കുന്ന ഭീരുക്കൾക്കു വേണ്ടി ഞാനെന്തിന് പ്രതികരിയ്ക്കണം. ഒരമ്മയുടെ ബോഡി മെഡിക്കൽ കോളേജിനു കൊടുക്കേണ്ടി വന്നപ്പോഴും നാവിറങ്ങി പോയ നാണം കെട്ട ഭീരുക്കൾ ആയ എന്റെ ജനത്തിനു വേണ്ടി എന്ത് പ്രതികരിയ്ക്കണം.

കഴിഞ്ഞ രണ്ടു വർഷം ആയി മുടങ്ങാതെ ഞാൻ സഭാമക്കളോടു അപേക്ഷിച്ച് പറയുകയാണ് ഇങ്ങനെ ഒക്കെ സംഭവിക്കും, നാം സംഘടിക്കണം ഇല്ലങ്കിൽ നാം അടിച്ചമർത്തപ്പെടും എന്നുള്ള കാര്യം. എത്ര ഇടവകകൾ മുന്നോട്ടു വന്നു. നീതിയ്ക്കു വേണ്ടി നീ തീയായി മാറണം എന്നു പറഞ്ഞിട്ട് എന്തെങ്കിലും ചെയ്യുവാൻ ഇടവകകൾ തയ്യാറായോ.

നാളെ ആ ബോഡി കല്ലറയിൽ നിന്നും എടുത്ത് മാറ്റിയാലും നമ്മുടെ പിതാക്കന്മാർ മുട്ടാപ്പോക്കു വാദങ്ങൾ പറയും, അത് കേട്ടു നിങ്ങൾ ശാന്താരായി ഇരിയ്ക്കും. പള്ളി പോയാലും, കബറടക്കം തടഞ്ഞാലും, മെഡിക്കൽ കോളേജിനു കൊടുത്താലും, കുഴി മാന്തി ബോഡി പുറത്തെടുത്താലും മൂന്നോ നാലോ ദിവസം സോഷ്യൽ മീഡിയയിൽ കിടന്നു കുരയ്ക്കുവാനും മെത്രാൻ കക്ഷികളെ തെറി പറഞ്ഞു രോഷം തീർക്കുവാനും അല്ലേ നിങ്ങൾക്ക് പറ്റുകയുള്ളു. നിങ്ങൾ എന്തെങ്കിലും അനുസരിക്കണമെങ്കിൽ പറയുന്നവന്റെ കുപ്പായം ചുവക്കണമല്ലോ. അത്കൊണ്ട് ഞാനും മൗനം പാലിക്കുവാൻ ആഗ്രഹിക്കുന്നതു തെറ്റാണോ.

ഇതാ ഒരിയ്ക്കൽ കൂടി പറയുന്നു, സംഘടിയ്ക്കുവിൻ, ഇടവകളിൽ അടിയന്തിര പൊതുയോഗം കൂടുവിൻ, ചർച്ച് പ്രോപ്പർട്ടി ബില്ല് നിയമം ആക്കുന്നത് വഴിയേ ഇനി നമുക്ക് നീതി കിട്ടുകയുള്ളൂ എന്നതിനാൽ MACCABI യുടെ പ്രവർത്തനങ്ങൾ ഇടവകയിൽ തുടങ്ങുവിൻ.

നിങ്ങൾ ഭീരുക്കൾ ആയിരിക്കാൻ ആണ് ഭാവമെങ്കിൽ നിങ്ങളുടെ ഭീരുത്വവും ഐക്യത കുറവും മൂലം ദിവസം തോറും ഈ സഭ നശിക്കുകയേ ഉള്ളൂ. മറിച്ച് ഒരു പള്ളി എങ്കിലും മുന്നോട്ടു വന്നാൽ കേരള ജനത യാക്കോബായക്കാരന്റെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കൂടെ നിൽക്കും. ദൈവം നമ്മെ നയിക്കും, ആത്മാർത്ഥത ഇല്ലാത്ത കപട വേഷക്കാർക്കു ഓശാന പാടാതെ നമ്മുടെ കർത്താവിന്റെ നാമത്തിൽ ഒരുമിക്കുവിൻ.

മക്കാബിയുടെ മുദ്രാവാക്യം അറിയുമോ, *”മി കമോക്ക ബലേം യാഹ്‌വെ”* (കർത്താവേ ! നിന്നേ പോലെ മറ്റാരുണ്ട്)

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *