Close

വിഷാദിക്കുന്ന യാക്കൂബിയർ

വിഷാദിക്കുന്ന യാക്കൂബിയർ

(ബാർ യൂഹാനോൻ റമ്പാൻ, MACCABI)

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു മാനസിക ഘട്ടമാണ് വിഷാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രോഗമായാണ് ഇത് കണക്കാക്കുന്നത്. വിഷാദം ഒരു വ്യക്തിയ്ക്ക് മാത്രമല്ല ചിലപ്പോൾ ഒരേ സമയത്തു ഒരു സമൂഹത്തെ തന്നേ ബാധിക്കുന്നു എന്ന്‌ ആധുനിക നരവംശശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. വിഷാദത്തിന്റെ കാരണങ്ങൾ സങ്കീർണ്ണവും നന്നായി മനസ്സിലാകാത്തതുമാണ്. നമ്മുടെ സമൂഹം വിഷാദത്തിന്റെ ഒരു പാതയിലാണ്. ഇപ്പോൾ നമ്മുടെ യാക്കോബായ സുറിയാനി സഭയിലെ അംഗങ്ങളും കഴിഞ്ഞ രണ്ടു വർഷമായി വിഷാദത്തിൽ ജീവിക്കുന്നു.

*വിഷാദത്തിന്റെ ലക്ഷണങ്ങൾ*
വി. സഭയെ സംബന്ധിച്ചിടത്തോളം, ഈ പ്രതിഭാസത്തെ മനസിലാക്കാനും അതിനെ മറികടക്കാനും നാം കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.കഴിഞ്ഞ കുറേ വർഷങ്ങൾ ആയി സഭാജീവിതത്തിൽ നമ്മളിൽ പലരും മങ്ങിയ ജീവിതമാണ് നയിക്കുന്നത്, സ്വഭാവത്തിൽ യാന്ത്രികവും, ആഴത്തിലുള്ള അർത്ഥവും ലക്ഷ്യവുമില്ല. നമ്മുടെ ജീവിതം പലപ്പോഴും കാഴ്ചയില്ലാത്തതും വികാരരഹിതവുമായിത്തീരുന്നു. നമ്മുടെ ആത്മാവിന്റെ ശബ്ദത്തെ അടിച്ചമർത്തുമ്പോൾ വിഷാദം ഉണ്ടാകുന്നു. . വിഷാദത്തിന്റെ ലക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയ്ക്കായി നിലവിളിക്കുന്നു. സഭാ സമൂഹത്തിന്റെ സന്തോഷമോ ലക്ഷ്യമോ ഇല്ലാത്ത ജീവിതത്തെ വിഷാദം സൂചിപ്പിക്കുന്നു.

*ദൈവാത്മാവിനോട്‌ ആരായുക*
തങ്ങളുടെ ഇടവകയോടും സഭയോടും അതിലെ അംഗങ്ങളോടും അഭിനിവേശം പ്രകടിപ്പിക്കുകയും തങ്ങളുടെ കുടുംബത്തെ എന്നപോലെ സഭാജീവിത കൂട്ടായ്മയെ നേരായ വിധത്തിൽ നോക്കിക്കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ സഭയുടെ പ്രതിസന്ധിയിലും വിഷാദത്തിലാകില്ല. സഹോദരങ്ങളായ സഭാവിശ്വാസികളോട് ആത്മീയധിഷ്ഠിതമായ സമ്പർക്കം പുലർത്തുകയും സഭയ്ക്കുള്ളിലേ സമൂഹബോധം ആസ്വദിക്കുകയും ചെയ്യുന്ന ആളുകൾ വിഷാദരോഗത്തിലേക്ക് ചായുന്നില്ല. അഥവാ അവർ വീണുപോയാലും തങ്ങൾക്കു വേണ്ടിയല്ല മറിച്ച് സഭയ്ക്കു വേണ്ടി ദൈവത്തിന്റെ ശക്തിയാൽ ഉയർത്തെഴുന്നേൽക്കും. അതുപോലെ സഭാജീവിതത്തിൽ ദിനം തോറും നടക്കുന്ന സംഭവങ്ങളിൽ അതിശയവും വിസ്മയവും ഉണ്ടാവുകയും അവയുടെ നന്മതിന്മകളെ പറ്റി ദൈവാത്മാവിനോട്‌ ആരായുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു സഭാ സമൂഹം ഒരിയ്ക്കലും വിഷാദത്തിലാകുന്നില്ല.

*വിഷാദം ഒരു മുന്നറിയിപ്പ്*
സഭാ വിശ്വാസികൾ വിഷാദിക്കുന്നതു വി.സഭ ശരിയായ പാതയിലല്ല എന്നതിന്റെ മുന്നറിയിപ്പ് അടയാളമാണ്. ആത്മീയ സന്തോഷത്തിന്റെ വിച്ഛേദിക്കലിനും, കുരിശ്ശിന്റെ വചനത്തെ വിഡ്ഢിത്തമായി കണക്കാക്കുന്ന തത്വചിന്തകളുടെ വളർച്ചയ്ക്കും ഇത് വളരെയധികം കാരണമാകാം. സഭയുടെ വിഷാദം അതിന്റെ ശത്രുവല്ല. എന്നാൽ ഇത് ഒരു മുന്നറിയിപ്പ് ചിഹ്നമാണ്. ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ള ഐക്യതയുടെയും, സഹന സമരത്തിന്റെയും പാതയിൽ മുന്നേറുവാനുള്ള മുന്നറിയിപ്പ് ആണ് ഇന്ന് സഭയുടെ ഉള്ളിലെ വിഷാദം. വ്യക്തിജീവിതത്തിൽ ചില കഠിനമായ ദുഃഖം തോന്നിയേക്കാവുന്ന ചില കാലഘട്ടങ്ങളും സംഭവങ്ങളും ജീവിതം കൊണ്ടുവരും. അതുപോലെ തന്നെയാണ് ചില കാലഘട്ടങ്ങളിൽ വി. സഭയും കഠിനമായ ദുഃഖങ്ങൾ നേരിടേണ്ടി വരുന്നത്. വ്യക്തിയിലായാലും സഭയിലായാലും ഈ ദുഃഖസാഹചര്യം തുടർന്ന് കൊണ്ടിരുന്നാൽ വിഷാദം ഉണ്ടാകുന്നു. വിഷാദം ഒരു മുന്നറിയിപ്പ് ആയി കണ്ട് അതിൽ നിന്നും പുറത്ത് കടന്നുകൊണ്ട് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ ദുഃഖത്തിന്റെ മൂലകാരണം വേരോടെ പിഴുതു അറിയപ്പെടുന്നു.

*എന്താണ് വി. സഭയുടെ ഇന്നത്തെ വിഷാദത്തിനു കാരണം?*
ഒരിയ്ക്കലും അത് 2017 ലെ വിധി മൂലം ഉണ്ടായ പ്രശ്നങ്ങൾ മാത്രം അല്ല. ആ പ്രശ്നങ്ങളേ നേരിടുവാനുള്ള ചങ്കൂറ്റം യാക്കോബായ മക്കൾക്ക്‌ ഉണ്ട്. യഥാർത്ഥത്തിൽ ഉള്ള പ്രശ്നം എന്താണ് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം ഒറ്റ വാക്കിൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. സഭയിലെ വന്ദ്യ പിതാക്കന്മാർ ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ഇന്ന് വി. സഭയുടെ വിഷാദത്തിനു കാരണക്കാർ നിങ്ങൾ തന്നെയാണ്, നിങ്ങളുടെ സഭാപ്രഭുത്വ ജീവിതമാണ്. നിങ്ങളുടെ മാനസാന്തരമാണ് ഈ വിഷാദത്തിനുള്ള ഔഷധം. നിങ്ങളിൽ ഉണ്ടായിരുന്ന അനൈക്യം, അത്യാഗ്രഹം, നയരാഹിത്യം, വിഭാഗീയ പ്രവർത്തനങ്ങൾ, നിഗൂഢത തുടങ്ങിയ ജഡത്തിന്റെ ഫലങ്ങൾ ആണ് ഇന്ന് സഭാ വിശ്വാസികൾ പ്രത്യാശ നഷ്ടപ്പെട്ട ആട്ടിൻകൂട്ടമായി ജീവിക്കുന്നതിന്റെ മുഖ്യ കാരണം. ന്യായപ്രമാണത്തിൽ മോശ പറയുന്നുണ്ട്, തള്ളയാടിന്റെ പാലിൽ കുഞ്ഞാടിനെ വേവിച്ചു തിന്നരുത് എന്ന്‌. അതാണ്‌ ഇവിടെ സംഭവിച്ചു കൊണ്ടിരിന്നത്.

*ഞങ്ങളെ അനുഗ്രഹിക്കണം*
ഇന്ന് മക്കാബിയൻ മൂവ്മെന്റിലൂടെ വിശ്വാസികൾ ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ്. തങ്ങൾക്കു അവകാശപ്പെട്ട ഇടവക ദേവാലയങ്ങൾ തങ്ങളുടെ ഉടമസ്ഥതയിൽ ആക്കുവാൻ അവർ ഒരു സഹന സമരത്തിന് ഒരുങ്ങുന്നു. ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു, വന്ദ്യ പിതാക്കന്മാർ ഞങ്ങളുടെ ഒപ്പം വേണമെന്ന്. ഇതര സഭകളിലെ അനേകം വിശ്വാസികൾക്കൊപ്പം MACCABI യും ചേരുകയാണ് സഹനസമരത്തിൽ. 2009 ൽ വി. ആർ കൃഷ്ണയ്യർ കമ്മീഷൻ അദ്ധ്യക്ഷൻ ആയുള്ള കേരള ലോ റീഫോം കമ്മീഷൻ ശുപാർശ ചെയ്ത “കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് & ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബില്ല്” നിയമം ആക്കുന്നതിനുള്ള ‘പള്ളിസ്വത്ത് സമര’ത്തിന്റെ വിജയത്തിന് വന്ദ്യ പിതാക്കന്മാർ ഞങ്ങളെ അനുഗ്രഹിക്കണം.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *