Close

കേരളത്തിലെ ക്രിസ്തീയ സഭകളുടെ സ്ഥാപന വസ്തുക്കളുടെയും ട്രസ്റ്റ്കളുടെയും ബിൽ സഭാ സ്വത്തു കരട് നിയമം (Church Act) : ഒരു ലഘു അവലോകനം

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • കേരളത്തിലെ ക്രിസ്തീയ സഭകളുടെ സ്ഥാപന വസ്തുക്കളുടെയും ട്രസ്റ്റ്കളുടെയും ബിൽ സഭാ സ്വത്തു കരട് നിയമം (Church Act) : ഒരു ലഘു അവലോകനം

കേരളത്തിലെ ക്രിസ്തീയ സഭകളുടെ സ്ഥാപന വസ്തുക്കളുടെയും ട്രസ്റ്റ്കളുടെയും ബിൽ സഭാ സ്വത്തു കരട് നിയമം (Church Act) : ഒരു ലഘു അവലോകനം

കേരളത്തിലെ ക്രിസ്തീയ സഭകളുടെ സ്ഥാപന വസ്തുക്കളുടെയും ട്രസ്റ്റ്കളുടെയും ബിൽ
സഭാ സ്വത്തു കരട് നിയമം (Church Act) : ഒരു ലഘു അവലോകനം

2009ൽ അന്നത്തെ കേരള നിയമ പരിഷ്കാര കമ്മീഷൻ ചെയർമാൻ ആയിരുന്ന റിട്ടയർഡ് സുപ്രീം കോടതി ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ സമർപ്പിച്ച ” The Kerala Christian Church Properties and Institutions Trust Bill” ൻറെ ഉദ്ദേശലക്ഷ്യങ്ങൾ എന്ന ഭാഗത്തു ഇപ്രകാരം പറയുന്നു, ” കേരളത്തിലെ ക്രൈസ്തവ സഭാകളുടെ മതപരമായ ആസ്തികൾ പൂർവ്വകാലം മുതൽ തന്നെ ട്രസ്റ്റ്‌കൾ എന്നപോലെയാണ് കൈകാര്യം ചെയ്തു വരുന്നത് എങ്കിലും അവ ഇന്ന് വരെ അപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് പലവിധത്തിലുള്ള നിയമപരമായ സങ്കീർണതകൾക്കും കാരണമായിത്തീർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നത് വഴി ലൗകിക സ്വത്തുക്കളുടെ ഭരണം ബൈബിൾ അധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃത്വത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിനു ഈ ബില്ല് ഉദ്ദേശിക്കുന്നു.” ഇതിൽ നിന്നും വ്യക്തമായി ഒരു കാര്യം മനസ്സിൽ ആകുന്നതു, ഇതു വരെ ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണം നിയമപ്രകാരം അല്ലായിരുന്നു എന്നുള്ളതാണ്. ഇത്തരം ഒരു സഭാസ്വത്തു നിയമത്തിൻറെ അഭാവത്തിലാണ് പരമോന്നത കോടതിയിൽ നിന്നും ഇടവക പൊതുയോഗ താൽപ്പര്യം നിഷേധിച്ചു കൊണ്ടുള്ള വിധി 1934 ഭരണഘടനയ്ക്കു അനുകൂലമായുണ്ടായത്.
ദേവസ്വം ബോർഡ്‌ പോലെയോ, വക്കഫ് ബോർഡ് പോലെയോ അല്ലാതെ ഇടവക പൊതുയോഗം വഴി തിരഞ്ഞെടുക്കപ്പെടുന്നവർ സഭയുടെ ത്രിതല ട്രസ്റ്റ്‌കളെ ഭരിക്കുന്ന സംവിധാനം ആണ് ചർച്ച് ആക്ട്. ഈ കരട് നിയമ പ്രകാരം ഇടവകയും, ഭദ്രാസനവും, യാക്കോബായ സഭയും മൂന്നു സ്വാതന്ത്ര്യ ട്രസ്റ്റ്‌കൾ ആയിരിക്കുകയും, ഇടവകയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടവർ അംഗമായിരിക്കുന്നത് വഴി പരസ്പരം വിട്ടു പിരിയാൻ പറ്റാത്ത രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇതു തന്നെയായിരുന്നു ഒരു തരത്തിൽ പറഞ്ഞാൽ മുളംതുരുത്തി സുന്നഹദോസ് തീരുമാനിച്ചതും. മതപരമായ ഒരു വിശ്വാസ, ആചാര, അനുഷ്‌ടാന, ദൈവശാസ്ത്ര, പ്രബോധന കാര്യങ്ങളിലും ഈ കരട് നിയമം ഇടപെടുന്നില്ല ഇനി ഇടപെടുകയുമില്ല എന്ന് ബില്ലിൽ പറഞ്ഞിരിക്കുന്നത് വളരെ സ്വീകാര്യമായ ഒന്നത്രേ.
ബില്ല് പാസ്സായി നിയമം ആയിക്കഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ തന്നെ ഇടവക പൊതുയോഗം കൂടി സ്വന്തമായ ഭരണഘടനാ രൂപീകരിക്കുവാൻ ഈ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനുഷ്ഠാനം, ആചരണം, പതിവ് രീതി, സംബ്രദായം, സഭാനിയമം തുടങ്ങിയവയോ അല്ലാത്തതോ ആയ ഏതു ഭരണഘടനയുടെ കീഴിൽ ഉള്ളതാണെങ്കിലും അവയിൽ നിന്നും വേർപെട്ടു പുതിയ ഭരണഘടനയുടെ നിർമ്മാണം ഇടവകതലം മുതൽ മേൽപ്പോട്ട് അനുവദിച്ചു കിട്ടിയിരിക്കുന്നു എന്നതാണ് യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസ കാരണമാകുന്നത്.ബില്ലിൽ പള്ളി സ്വത്തുക്കളുടെ നിക്ഷിപ്തമാക്കൽ എന്ന തലക്കെട്ടിന്റെ താഴെയായി പറയുന്ന ഒരു ഭാഗം ഇപ്രകാരം ആണ്, ” ട്രസ്റ്റ്‌ രജിസ്ട്രെഷനു ശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും ബോർഡ്‌ ഓഫ് ട്രസ്റ്റ്‌ൽ നിക്ഷിപ്തമായിരിക്കും.” അതായത് പള്ളിപൊതുയോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റികളിൽ ആണ് സ്വത്തിന്റെ ഉടമസ്ഥത എന്ന് ചുരുക്കം.
കത്തോലിക്ക സഭയിലെ അല്മായ നേതൃത്വം ആണ് ചർച്ച് ബില്ല് രൂപീകരണത്തിന് വഴി ഒരുക്കിയത്. അതുകൊണ്ട് തന്നെ ബില്ല് നിയമസഭയിൽ പാസ്സാക്കുന്നതിന് വിവിധ മൂവേമെന്റ്കൾ കത്തോലിക്കരായ അൽമായർ ചേർന്ന് തുടങ്ങിയിട്ടുണ്ട്. ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ (JCC), കേരള കത്തോലിക്ക റീഫോർമേഷൻ മൂവ്മെന്റ് (KCRM ), ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൌൺസിൽ (AKC AAC), ലത്തീൻ സഭയുടെ ചർച് ആക്ട് ആക്ഷൻ കൌൺസിൽ (LC AAC), കേരള കത്തോലിക്ക ഫെഡറേഷൻ (KCF) തുടങ്ങിയവയെല്ലാം ഇത്തരം പ്രസ്ഥാനങ്ങൾ ആണ്. യാക്കോബായ സഭയിൽ ചർച്ച് ആക്ട് പാസ്സാക്കുന്നതിനുവേണ്ടിയുള്ള വേണ്ടി ഉള്ള സമരത്തിൽ പങ്കു ചേരുവാനായി രൂപീകരിച്ച സംഘടനയാണ് MACCABI അഥവാ മലങ്കര ആക്ഷൻ കൌൺസിൽ ഫോർ ചർച്ച് ആക്ട് ബിൽ ഇമ്പ്ലിമെന്റെഷൻ. കുമരകം ആറ്റാമംഗലം പള്ളിയിലാണ് ഈ മൂവേമെന്റ് ആരംഭിച്ചത്.
പള്ളി പൊതുയോഗം കൂടി ചർച്ച് ബില്ലിന് പിന്തുണ കൊടുത്തും കൊണ്ടു അതു എത്രയും പെട്ടെന്ന് നിയമമാക്കുവാനുള്ള പ്രമേയം പൊതുയോഗം പാസ്സാക്കുകയും മുഖ്യമന്ത്രിയ്ക്കു നിവേദനം സമർപ്പിക്കുകയും ചെയ്തു. ഇതു ടെലിവിഷൻ, പത്രവാർത്തകളിൽ എല്ലാം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ആദിമ നൂറ്റാണ്ടു മുതൽ ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കൾ വിശ്വാസികളുടെ ഉടമസ്ഥതയിൽ തന്നെ ആയിരുന്നു. അതു നിയമമാക്കി കൊടുക്കണമെന്നു ആദ്യമായി പറഞ്ഞത് വി. ആർ കൃഷ്ണയ്യരോ, ചർച്ച് ആക്ട് മൂവേമെന്റ്കളോ അല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 26 ൽ മതങ്ങൾക്ക് സ്വത്തുക്കൾ സമ്പാദിക്കുവാനും ഭരിക്കുവാനും ഉള്ള അവകാശം ഉണ്ട് എന്നും അപ്രകാരം ഭരിക്കപ്പെടേണ്ടത് നിയമ പ്രകാരം ആയിരിക്കണം എന്നും ആയതിനു നിയമ നിർമ്മാണം നടത്തിക്കൊടുക്കനാമെന്നും പ്രസ്താവിച്ചിരിക്കുന്നു. ഇതിൽ പറയുന്നത് പോലെ ക്രൈസ്തവ സഭകൾക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിന്റെ കരട് ആണ് ചർച്ച് ആക്ട് ബില്ല്. ചർച്ച് ആക്ടന്റെ അഭാവത്തിൽ ഉള്ള സുപ്രീം കോടതി വിധി ചർച്ച് ആക്ട്ന്റെ സാന്നിധ്യത്തിൽ മാത്രമേ അപ്രസക്തമാകുകയുള്ളു. എന്നാൽ മാത്രമേ യാക്കോബായ സഭ പ്രതിസന്ധിയിൽ നിന്നും മോചിക്കപ്പെടുകയുള്ളു.
ആയതിനാൽ സഭാസ്വത്തു നിയമം എത്രയും പെട്ടെന്ന് നിലവിൽ വരുവാനായുള്ള പരിശ്രമങ്ങൾക്ക് നാം പിന്തുണകൊടുക്കേണ്ടിയിരിക്കുന്നു. ഇടവക പള്ളികൾ അതു ഇടവക ജനത്തിന്റെ ആണ്. മുൻവാതിലിലൂടെ അതിൽ പ്രവേശിക്കുന്നവർ മാത്രം ആണ് അതിന്റെ ഇടയന്മാർ. നല്ലിടയനായ നാഥൻ തുണയ്ക്കട്ടെ.
പെന്തികൊസ്തി തിരുനാളിൽ കേവലം നൂറ്റി ഇരുപതോളം വിശ്വാസികളിൽ നിന്നും ആരംഭിച്ച പുതിയനിയമ സഭ ഇന്ന് ലോകത്തിൻറെ അതിർത്തികളോളം വ്യാപിച്ചിരിക്കുന്നു. കാലത്തിൻറെ കുത്തൊഴുക്കിൽ ഏക വിശുദ്ധ സഭ വിവിധ പിളർപ്പുകളിലൂടെ കടന്നു പോയെങ്കിലും ഇന്നും ലോകത്തിൻറെ പ്രകാശഗോപുരം ആയി വളർന്നു നിൽക്കുന്നു.
സഭകളുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ തന്നെ അപ്പോസ്തോലന്മാരിലൂടെ ദൈവാത്മാവ് തിരുവെഴുത്തുകളാൽ ഇതിൻറെ ഭരണസംവിധാനം വ്യക്തമാക്കി തന്നിരുന്നു. സഭ വളർന്നപ്പോൾ ലൗകിക സ്വത്തുക്കളുടെ വളർച്ചയും കൂടെ ഉണ്ടായി എന്നത് ഒരു വാസ്തവം ആണ്. ആദിമ നൂറ്റാണ്ടിൽ വിശ്വാസികൾ തങ്ങളുടെ വഴിപാടുകൾ എല്ലാം വിശുദ്ധ അപോസ്തോലന്മാരെ ഏൽപ്പിക്കുകയും അവ സഭയുടെ പൊതുമുതലായി കണക്കാക്കി മുന്നോട്ടു പോവുകയും ചെയ്തു.
പരിശുദ്ധ തോമസ് അപോസ്തോലൻ ഇന്ത്യയിൽ സഭയെ നടുകയും പിന്നീട് ഈ സഭ വിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൽ നിന്നും നനയ്ക്കപ്പെടുകയും ചെയ്തത് മുഖാന്തരം ദൈവം ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മലങ്കര സഭയെ വളർത്തികൊണ്ടിരുന്നു.
1599 ലെ ഉദയംപേരൂർ സുന്നഹദോസിനു മുൻപു മലങ്കരയിൽ ഒരേ ഒരു സഭയായിരുന്നു അതു അന്ത്യോക്യായുടെ പിതാക്കന്മാരാൽ പരിപാലിക്കപ്പെട്ടിരുന്നു.
നാലാം നൂറ്റാണ്ടിലെ ഒന്നാം സിറിയൻ കുടിയേറ്റം മുതൽ സഭ ലൗകിക കാര്യങ്ങളിലും സമ്പത്തിലും വളരുവാൻ തുടങ്ങി. എന്നാൽ ഒൻപതാം നൂറ്റാണ്ടിലെ രണ്ടാം സിറിയൻ കുടിയേറ്റമാണ് സഭയുടെ ലൗകിക സ്വത്തുക്കളുടെ ഭരണത്തിന് ഒരു വ്യവസ്ഥാപിത ഭരണ സംവിധാനം ഉണ്ടാക്കിയത്. മോർ ശാബോർ അഫ്രോത്തു പിതാക്കന്മാർ ആണ് ബൈബിൾ അധിഷ്ഠിതമായ ഈ ഭരണരീതി ഇവിടെ സ്ഥാപിച്ചത്.
കന്തീശങ്ങൾ A.D 825 കാലഘട്ടങ്ങളിൽ സ്ഥാപിച്ച ജനാധിപത്യ ഭരണ സംവിധാനത്തിൽ രണ്ട് തലങ്ങളിൽ ആയി ആണ് ഭരണം നടന്നിരുന്നത്; ഇടവക തലവും, സഭാ തലവും. ഈ സംവിധാനത്തിലും ഇടവക പൊതുയോഗത്തിനു വളരെ പ്രസക്തി ഉണ്ടായിരുന്നു. സഭാതല സ്വത്തു ഭരണത്തിനായി ആദ്യകാലങ്ങളിൽ ഒരു ക്രിസ്ത്യൻ രാജഭരണവും പിന്നീട് അർക്കദിയാക്കോൻ ഭരണവും ആയിരുന്നു. പോർച്ചുഗീസുകാരുടെ വരവും തുടർന്നുള്ള ഉദയംപേരൂർ സുന്നഹദോസും വരെ ഈ സംവിധാനം തുടർന്ന് പൊന്നു. ഉദയംപേരൂർ സുന്നഹദോസ് ആണ് വത്തിക്കാൻറെ കാനോൻ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ഭാരത സഭാ ചരിത്രത്തിൽ ആദ്യമായി ലൗകിക സ്വത്തുക്കളുടെ ഭരണം മെത്രാന്മാരുടെ കൈകളിൽ ആക്കി തീർത്തത്. കത്തോലിക്ക സഭയിൽ അതു ഇന്നുവരെയും തുടർന്ന് പോരുന്നു. കത്തോലിക്ക സഭയിൽ അതിനെതിരെ വിശ്വാസികൾ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണ് ഇപ്പോൾ.
എന്നാൽ ഉദയംപേരൂർ സുന്നഹദോസിൽ കൂടി നിരോധിക്കപ്പെട്ട നസ്രാണി പാരമ്പര്യങ്ങളെ നിലനിർത്തുന്നതിന് അന്നത്തെ യാക്കോബായ സഭാ വിശ്വാസികൾ ശക്തമായി രംഗത്തു വന്നിരുന്നു. കൂനന്കുരിശ് സമരത്തോടെ തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും മാത്രമല്ല മറിച്ച് വേദപുസ്തക പാരമ്പര്യത്തിലുള്ള ജനാധിപത്യ ഭരണസംവിധാനവും അവർ തിരിച്ചു പിടിച്ചു.
ഇക്കാലയളവിൽ ആണ് മാർ തോമ മെത്രാൻ എന്ന പേരിൽ ഒരു മെത്രാപ്പോലീത്തയുടെ മേൽനോട്ടത്തിൽ സഭയുടെ പൊതുസ്വത്തുക്കൾ ഭരിക്കുന്ന രീതി അവലംബിച്ചത്. ഈ ‘മാർത്തോമാ മെത്രാപോലിത്ത’ സ്ഥാനം ആണ് പിൽക്കാലത്തു ‘മലങ്കര മെത്രാപോലിത്ത’ എന്ന പേരിലുള്ള മെത്രപൊലീത്തൻ ട്രസ്റ്റിയുടെ സ്ഥാനം ആയി പരിണമിച്ചത്.
ഇതുവരെയുള്ള ചരിത്രം നാം നോക്കുമ്പോൾ, സഭാ സ്വത്തു ഭരണം ഒന്നാം സിറിയൻ കുടിയേറ്റം വരെ കുടുംബയോഗങ്ങളാലും, പിന്നീട് രണ്ടാം സിറിയൻ കുടിയേറ്റം വരെ പള്ളി യോഗങ്ങളാലും, രണ്ടാം സിറിയൻ കുടിയേറ്റം മുതൽ ആദ്യം ക്രിസ്ത്യൻ രാജഭരണത്തിലും പിന്നീട് പള്ളിയോഗങ്ങളിൽ നിന്നുള്ള പ്രതിപുരുഷൻമാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ജാതിക്കു കർത്തവ്യനായ അർക്കദിയാക്കോൻ തലവൻ ആയ സഭായോഗങ്ങൾ വഴിയും പിന്നീട് കൂനൻകുരിശു മുതൽ മാർത്തോമ്മ മെത്രാപോലീത്താമാരുടെ അധ്യക്ഷതയിലുള്ള സഭായോഗങ്ങളാലും നടത്തപ്പെട്ടു പോന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നു. ഇക്കാലയളവിലെല്ലാം സഭാഭരണത്തിലും സഭാ സ്വത്തുക്കളുടെ ഉടമസ്ഥതയിലും പള്ളിയോഗങ്ങൾക്കുള്ള സ്ഥാനം തർക്കരഹിതവും, ചോദ്യം ചെയ്യാൻ സാധിക്കാത്തതുമായിരുന്നു എന്ന് സഭാ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഇക്കാലയളവിൽ ആണ് സഭ നവീകരണക്കാരുടെ പ്രവർത്തനങ്ങളിൽ പെട്ടുലയുന്നതും പരിശുദ്ധ അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ഉള്ള മുളംതുരുത്തി സുന്നഹദോസ് നടത്തപ്പെടുന്നതും. ടി സുന്നഹദോസ് എന്നത് മലങ്കര സഭയുടെ മാഗ്നാകാർട്ട എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതു. ഇതിലാണ് വിപ്ലവകരമായ ത്രിതല ഭരണ സംവിധാനം ആദ്യമായി മലങ്കര സഭയിൽ കൊണ്ടുവരപ്പെടുന്നതു. ഇടവക പൊതുയോഗങ്ങളുടെ അധികാരം അടിവരയിട്ടുറപ്പിച്ചു കൊണ്ട് മലയാളത്തുള്ള നസ്രാണി പാരമ്പര്യത്തെ പത്രോസിൻറെ ശ്ളൈഹീക സിംഹാസനം അനുഗ്രഹിച്ചു ഉയർപ്പിച്ച സുന്നഹദോസ് ആയിരുന്നു മുളംതുരുത്തിയിലേതു.
മുളംതുരുത്തി നിച്ഛയങ്ങൾ ഒരു ട്രസ്റ്റ്‌ ഭരണ സംവിധാനം എന്ന പോലെ ആയിരുന്നു. ഇടവക ഒരു സ്വാതന്ത്ര്യ ട്രസ്റ്റ്‌, ഭദ്രാസനം ഒരു സ്വാതന്ത്ര്യ ട്രസ്റ്റ്‌, മലങ്കര സഭ ഒരു സ്വാതന്ത്ര്യ ട്രസ്റ്റ്‌ എന്നതായിരുന്നു ഇതിന്റെ തത്ത്വം. എന്നാൽ വട്ടശ്ശേരി മെത്രാൻ അധികാരത്തിൽ വന്നപ്പോൾ ഇതിൽ ഒരു വ്യത്യാസം വരുത്തി തുടങ്ങി. ഈ ഘടനാ വ്യത്യാസം ഏകപക്ഷീയ നിലപാടുകൾ വഴിയായിരുന്നു. ഇതു സഭയിൽ സ്വത്തു തർക്കങ്ങൾ ഉണ്ടാകുവാനും രണ്ട് കക്ഷികളായി പിരിയുവാനും കാരണമായി തീർന്നു.
വട്ടശേരിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ തത്ത്വങ്ങൾ 1934 ൽ ഒരു ഭരണഘടനയായി രൂപാന്തിരപ്പെടുകയും അതിനെ മുളന്തുരുത്തിയുടെ പിന്തുടർച്ച എന്ന് അവർ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ സഭയ്ക്കുള്ളിൽ ത്രിതല ഭരണ സംവിധാനവും സഭ മൊത്തത്തിൽ ഒരു ഏകതല ട്രസ്റ്റും അതിന്റെ ഭരണക്കാർ ഒരു ന്യൂനപക്ഷ വിഭാഗവുമാകുന്ന രീതിയിലുള്ളതായിരുന്നു 1934 ഭരണഘടന.
1934 വ്യത്യസ്തമായ രീതിയിലാണെങ്കിലും സ്വത്തു ഭരണത്തിന്റെ കാര്യത്തിൽ ഉദയംപേരൂർ സുന്നഹദോസ് അംഗീകരിച്ച വത്തിക്കാൻറെ കാനോനുകളോട് സാമ്യം ഉള്ളതായിരുന്നു. ഈ ചതി അറിയാതെ ആണ് സമാധാനം ആഗ്രഹിച്ച യാക്കോബായക്കാർ 34ൻറെ കെണിയിൽ വീഴുന്നത്.
സഭ ഒന്നായി തീർന്നപ്പോൾ 34ൻറെ പിന്നിലുറങ്ങുന്ന ഏകാധിപത്യ ഭരണ തത്ത്വം ഉണരുകയും, സഭാ സ്വത്തുക്കൾ മാത്രമല്ല ശ്ളൈഹീക സിംഹാസനത്തെ വരെ ചോദ്യം ചെയ്യുന്ന ആലങ്കാരിക സിംഹാസന വാദം ഉണ്ടാകുകയും ചെയ്തു.
ഇന്നു ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നാം നിൽക്കുമ്പോൾ 1934 നേ അംഗീകരിക്കാത്ത പക്ഷം നമ്മുടെ സഭാ സ്വത്തുക്കൾ അന്യാധീനപ്പെടുന്നൊരു സാഹചര്യം ആണു നിലവിലുള്ളത്. ഇവിടെയാണ്‌ ഒരു സ്വാതന്ത്ര്യ ജനാധിപത്യ റിപ്പബ്ലിക്കൻ രാജ്യത്തു ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുടെ യഥാർത്ഥ അവകാശിയെ കണ്ടെത്തി അതിൻറെ ഉടമസ്ഥത തിരിച്ചേൽപ്പിക്കുന്ന സഭാ സ്വത്തു നിയമമുണ്ടാകേണ്ടതിൻറെ ആവശ്യകത.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *